Thursday, November 29, 2007

Swargeeya Virunnu

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.ക്ലാസില്‍ പകുതിയും രാജസ്ഥാനികളാണ്‌.അവരുമായിട്ടാണെങ്കില്‍ മൊത്തം സമയം അടിയായിരുന്നു.ഒരു ദിവസം ഞങ്ങളുടെ ബാച്ചിന്റെ ആനിവേഴ്സറി വന്നെത്തി.ഞങ്ങളുടെ ബാച്ചിലെ പകുതി പേരും രാജസ്ഥാനിലായിരുന്നതിനാല്‍ ആ വര്‍ഷം വാര്‍ഷികം ആഘോഷിക്കണ്ട എന്നായിരുന്നു എല്ലാവരുടേയും ആദ്യത്തെ തീരുമാനം.എന്നാല്‍ ടീച്ചേഴ്സിന്റെ നിബന്ധനക്ക്‌ വഴങ്ങി പിന്നീട്‌ തീരുമാനം മാറ്റി ആഘോഷിക്കാം എന്നാക്കി.ഇതിനു പുറകില്‍ രാജസ്ഥാനികളുമായി ഞങ്ങളുടെ സൗഹൃദം വളര്‍ത്തുക എന്ന ടീച്ചേഴ്സിന്റെ ഗൂഢ ഉദ്ദ്യേശമായിരുന്നു.അങ്ങിനെ പരിപാടികളുടെ ഒരു നീണ്ട ലിസ്റ്റ്‌ തന്നെ ഉണ്ടായി.മൊത്തം പരിപാടിയുടെ പകുതി സമയം രാജസ്ഥാന്‍ സംസ്കാരമായിരിക്കണം എന്നായിരുന്നു ടീച്ചേഴ്സിന്റെ നിര്‍ദ്ദേശം.ഈ പരിപാടിക്ക്‌ ഒരു പേരിനായി ഞങ്ങള്‍ കുറച്ചു കഷ്ട്ടപ്പെട്ടു.കാരണം മലയാളം പേരിടാന്‍ രാജസ്ഥാനികള്‍ സമ്മതിക്കില്ല അതു കൊണ്ടു തന്നെ ഹിന്ദി പേരിടാന്‍ ഞങ്ങളും സമ്മതിച്ചില്ല.അവസാനം ഇംഗ്ഗ്ലീഷ്‌ ടീച്ചര്‍ സോയ മാഡത്തിനോട്‌ ഒരു പേരു പറഞ്ഞു തരാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.ടീച്ചര്‍ വീട്ടില്‍ പോയി ഓക്സ്‌ഫോര്‍ഡ്‌ ഡിക്ഷ്ണറി വായിച്ച്‌ ഒരു പേരു പറഞ്ഞു-"സോഡിയാക്കല്‍ ബാംക്വറ്റ്‌".കേട്ടവര്‍ നടുങ്ങി.അര്‍ത്ഥം ചോദിച്ചപ്പോള്‍ ടീച്ചര്‍ പറഞ്ഞു.-"സ്വര്‍ഗ്ഗീയ വിരുന്ന്‌".2 ഇംഗ്ഗ്ലീഷ്‌ വാക്ക്‌ പഠിച്ചല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിച്ചു.
അങ്ങിനെ പരിപാടികള്‍ തുടങ്ങി.രാജസ്ഥാനി പരിപാടികളായിരുന്നു ആദ്യം.ആനന്ദിലാല്‍ എന്നു പറയുന്ന ഒരു രാജസ്ഥാനിയുടെ പാട്ടായിരുന്നു ആദ്യം.അവന്‍ പാടിയ ആ പാട്ട്‌ ഞങ്ങളുടെ ഇടയില്‍ ഭയങ്കര ഹിറ്റ്‌ ആയിരുന്നു.അതിന്റെ വരികള്‍ ഇങ്ങിനെയാണ്‌-
"ചോഡ്യായിരെ കാനൂന്‍ മക്കരാന്‌
ചോട്ടേ മോട്ടേ ഗൂജരി കാ ലക്കരാന്‌
മാരോ ചോപ്പടി കാ ലോക്കരി ലാഗേ പ്യാരി...
ഓ താരി..ഓ താരി...."

ഇങ്ങിനെ പോകുന്ന ഒരു ഗാനമായിരുന്നു അത്‌`.സത്യത്തില്‍ അവന്‍ തെറി പാട്ടാണോ പാടിയത്‌ എന്നു ഞങ്ങള്‍ക്കിപ്പോളും അറിയില്ല.എന്തായാലും സംഭവം ഹിറ്റ്‌ ആയി മാറി.

അന്നു അവതരിപ്പിച്ച മറ്റൊരു ഐറ്റം ആണ്‌ " ഗുഡ്‌മോണിംഗ്‌ നവോദയ"
സ്കൂളില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങള്‍ മൊത്തം ഹാസ്യ രൂപേണ അവതരിപ്പിച്ച പരിപാടിയായിരുന്നു ഇത്‌.
"കാലത്ത്‌ പി.ടി. ക്ക്‌ ബെല്‍ അടിക്കുന്നു.പക്ഷേ ആരും ഉണരുന്നില്ല.ഈ സമയത്താണ്‌ പി.ടി. സര്‍ ജോസിന്റെ വരവ്‌.ഉറങ്ങി കിടക്കുന്നവരെയെല്ലാം അദ്ദേഹം വടി കൊണ്ട്‌ തല്ലി എഴുന്നേല്‍പ്പിക്കുന്നു.ഉറക്കത്തില്‍ അടി കൊണ്ട വേദനയില്‍ പിള്ളേര്‍ എണീറ്റോടുന്നു.ഇതിനു ശേഷം കുളിക്കുന്ന ഭാഗമായിരുന്നു.ഈ ഭാഗം അവതരിപ്പിക്കാന്‍ ആരും തയ്യാറല്ലായിരുന്നു.കാര്യം ഞങ്ങള്‍ എല്ലാവരുടേയും കുളി ജട്ടി മാത്രം ധരിച്ച്‌ പെണ്‍പിള്ളേര്‍ നടക്കുന്ന റോഡിന്റെ സൈഡില്‍ നിന്നായിരുന്നെങ്കിലും സ്റ്റേജില്‍ ഒരു തോര്‍ത്തു മുണ്ടുടുക്കാന്‍ ഒരുത്തനും തയ്യാറല്ലായിരുന്നു.അങ്ങിനെയിരിക്കുമ്പോള്‍ ആ റോള്‍ ചെയ്യാനായി ഒരാള്‍ രംഗത്തെത്തി.സിതല്‌വന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന സിത്താര്‍ ആയിരുന്നു അത്‌.ഒരു ഒറ്റ തോര്‍ത്തുമുണ്ടുടുത്ത്‌ ബക്കറ്റുമയി തല ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിനൊപ്പം ചലിപ്പിച്ച്‌ സിത്താര്‍ സ്റ്റേജില്‍ വന്നത്‌ ഞാനിന്നുമോര്‍ക്കുന്നു.കുളിച്ചു കൊണ്ടിരിക്കുന്ന സിത്താറിനെ സീനിയേഴ്സ്‌ വന്ന്‌ ആട്ടിപ്പായിക്കുന്നു.എന്നിട്ട്‌ അവന്മാര്‍ കുളിക്കുന്നു.നവോദയായില്‍ 7 മണിക്ക്‌ അസംബ്ലിയാണ്‌.അതു കൊണ്ടു തന്നെ 6.30 ന്‌ പി.ടി. കഴിഞ്ഞ്‌ അര മണിക്കൂറിനുള്ളില്‍ കുളിച്ച്‌ റെഡി ആവണം.ഇതു കാരണം കാലത്തെ ബാത്ത്‌ റൂമിലെ തിരക്ക്‌ ഒഴിവാക്കാന്‍ ഹോസ്റ്റലിന്‌ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലാണ്‌ സധാരണ ഞങ്ങളുടെ കുളി.സീനിയേഴ്സ്‌ കുളിക്കാന്‍ വരുമ്പോള്‍ ആദ്യം അവന്മരെ കുളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നല്ല പെട കൊള്ളും.ഇതായിരുന്നു ഇപ്പോള്‍ കഴിഞ്ഞ രംഗത്തിന്റെ ഉള്ളടക്കം.
ഇതിനു ശേഷം അസ്സംബ്ലി ആയിരുന്നു അവതരിപ്പിച്ചത്‌.പ്രിന്‍സിപ്പാള്‍ ആയി വേഷമിട്ടത്‌ പ്രശാന്ത്‌ പി. എസ്‌ ആയിരുന്നു.പ്രിന്‍സിപ്പാള്‍ ബാല സുബ്രഹ്മണ്യത്തിന്റെ വസ്ത്രങ്ങള്‍ എം.ജി.സോമന്‍ "ഗുരുവായൂര്‍ കേശവന്‍ "എന്ന സിനിമയില്‍ ധരിച്ച പൊലെയുള്ളതായിരുന്നു.ബെല്‍ബോട്ടം പാന്റും പിന്നെ ഒരു നീണ്ട കൃതാവും.ഇതെല്ലാം നേരത്തെ തന്നെ ഞങ്ങള്‍ ഒപ്പിച്ചു വച്ചിരുന്നു.കൃതാവ്‌ കരി വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു.നവോദയയില്‍ യൂണിഫോമായി വെളുത്ത ക്യാന്വ്വാസ്‌ ഷൂ ധരിക്കണം ഇതു ഞങ്ങള്‍ ഇടക്കു ധരിക്കാതെ വരുമായിരുന്നു.പ്രിന്‍സിപ്പാളേങ്ങാന്‍ ഇതു കണ്ടാല്‍ എപ്പൊ പിടിച്ചു അന്ന്‌ ചോദിച്ചാല്‍ മതി.പക്ഷെ ഇതു പിടിക്കാപ്പെടാതിരിക്കാനും ഞങ്ങള്‍ നേരത്തെ തന്നെ ഐഡിയ കണ്ടു പിടിച്ചിരുന്നു.ചുവന്ന മഷി പഞ്ഞിയില്‍ മുക്കി കാലില്‍ വച്ചു കെട്ടും.എന്നിട്ട്‌ പ്രിന്‍സിപ്പാള്‍ ചോദിക്കുകയാണെങ്കില്‍ പറയും കാലു മുറിഞ്ഞിരിക്കയാണ്‌ എന്ന്.അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോള്‍ കാല്‍ പോട്ടിയവരുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചു.അങ്ങിനെ പ്രിന്‍സിപ്പാലിന്‌ സംഗതി പിടി കിട്ടി.ഒരു ദിവസം ഒരു ദിവസം അദ്ദേഹം കാലു മുറിഞ്ഞു നടക്കുന്നവരില്‍ ഒരാളായ ശ്രീജിത്തിനെ വിളിപ്പിച്ചു.എന്നിട്ട്‌ എന്താണ്‌ ഷൂവിടാത്തത്‌ എന്നു ചോദിച്ചു.മറുപടിയായി അവന്‍ കാല്‌ മുറിഞ്ഞു എന്ന്‌ പറഞ്ഞപ്പോള്‍ ബാലന്‍ സര്‍ ഉടന്‍ തന്നെ തന്റെ കാലിലെ ഷൂസ്‌ വലിച്ചൂരി.അതാ അദ്ദേഹത്തിന്റെ കാലില്‍ അവന്റെ മുറിവിനെ വെല്ലുന്ന രീതിയില്‍ ഒരു മുറിവ്‌.എന്നിട്ടു അദ്ദേഹം അവനോട്‌ പറഞ്ഞു-"ഇത്രയും വലിയ മുറിവുണ്ടായിട്ട്‌ എനിക്കു ഷൂ ധരിക്കാമെങ്കില്‍ നിനക്കും ധരിക്കാം സൊ യു ഗോ ആന്റ്‌ വെയര്‍ ദ ഷൂസ്‌..".പാവം ശ്രിജിത്തിന്റെ കാല്‌ സത്യത്തില്‍ ശരിക്കും മുറിഞ്ഞിരിക്കുകയായിരുന്നു.
ഇത്രയും രംഗം പ്രശാന്തും ശ്രീജിത്തും കൂടി ഭംഗിയായി അവതരിപ്പിച്ചു.സ്റ്റേജിന്റെ പുറകില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ മെല്ലെ പ്രിന്‍സിപ്പലിന്റെ മുഖത്തേക്ക്‌ നോക്കി.. അദ്ദേഹം ആര്‍ത്ത്‌ ചിരിക്കുന്നു.ഞാന്‍ ആശ്വസിച്ചു"ഭാഗ്യം ഒരു സസ്പെന്‍ഷന്‍ ഒഴിവായി"

അങ്ങിനെ പരിപാടികള്‍ ഓരോന്നായി തുടര്‍ന്നു കൊണ്ടിരുന്നു.അവസാനം സ്വീറ്റ്‌ ഡിസ്റ്റ്രിബൂഷന്റെ സമയം ആയി.പലഹാരങ്ങള്‍ എല്ലാം ഞങ്ങളുടെ ബാച്ചുകാര്‍ പിരിവ്‌ ഇട്ട്‌ വാങ്ങിച്ചത്‌.അങ്ങിനെ ടീച്ചേഴ്സിനേയും ബാക്കി പിള്ളാരെയും പലഹാരം കൊടുത്തു പറഞ്ഞയച്ചു.ധാരാളം പലഹാരങ്ങള്‍ ബാക്കി വന്നിരുന്നു.അപ്പോള്‍ ആരോ ഒരുത്തന്‍ പറഞ്ഞു-"ടാ നമുക്കു രാജസ്ഥനികളെ കൂടി പറഞ്ഞു വിടാം എന്നിട്ടു ബാക്കിയുള്ള പലഹാരം മൊത്തം ഒറ്റക്കു അടിക്കാം".കേട്ട പാതി കേള്‍ക്കത്ത പാതി എല്ലാവര്‍ക്കും സമ്മതം.അങ്ങിനെ ഞങ്ങള്‍ പതുക്കെ രാജസ്ഥനികളെ കൂടി പറഞ്ഞയക്കാന്‍ ശ്രമം തുടങ്ങി.പൊട്ടന്‍ മാരാണെങ്കിലും രാജസ്ഥാനികള്‍ക്ക്‌ സംഭവം പെട്ടെന്നു തന്നെ പിടി കിട്ടി.അവര്‍ പറഞ്ഞു-"ഹമാര ഭീ പൈസാ ഹേ ഇസ്മേം.. ഹം നഹിം ജായേഗാ"അതിനു ശേഷം അവന്മാര്‍ ബാക്കിയുള്ള പലഹാരം മൊത്തം കുരങ്ങന്മാരെപ്പോലെ വാരി വലിച്ചു തിന്നാന്‍ തുടങ്ങി.ഇതു കണ്ടു നിന്ന ഗിനീഷ്‌ കുമാര്‍ ബന്‌വാരി എന്ന രാജസ്ഥാനിയെ പിടിച്ചു ഒരു തള്ളു വച്ചു കൊടുത്തു.അതു ഒരു തുടക്കം മാത്രം ...പിന്നെ അങ്ങോട്ടു നടന്നത്‌ ഒരു തകര്‍പ്പന്‍ അടിയായിരുന്നു.എല്ലാ രാജസ്ഥാനികളും ഞങ്ങളും ഇതില്‍ ആത്മാര്‍ഥമായി പങ്കെടുത്തു.സ്വീറ്റ്സ്‌ എല്ലാം ബോയ്സ്‌ സിനിമയിലെ ഗാനരംഗം പോലെ വായുവില്‍ കിടന്നു കറങ്ങി.അങ്ങിനെ പലഹാരം എല്ലാം രജസ്ഥാനികളുടെ ദേഹത്ത്‌ അഭിഷേകം ചെയ്തു കഴിഞ്ഞപ്പോള്‍ അടിയും അവസാനിച്ചു.പക്ഷേ ഈ സംഘട്ടനം കാണാനുള്ള ഭാഗ്യം പ്രിന്‍സിപ്പലിനോ ബാക്കി സാറുമാര്‍ക്കോ ഉണ്ടായിരുന്നില്ല.അതു കൊണ്ടു തന്നെ കുറെ സസ്പെഷനുകള്‍ ഒഴിവായി.
പിറ്റേ ദിവസം സാറുമാരെല്ലാം ക്ലാസ്സില്‍ വന്ന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു കാരണം മറ്റൊന്നുമല്ല.രാജസ്ഥാനികളുമായി ചേര്‍ന്ന്‌ പരിപാടി അവതരിപ്പിച്ചത്‌ നാഷണല്‍ ഇന്റെഗ്രേഷന്‌ ഒരു മാതൃകയാണത്രെ...കേട്ടു നിന്ന ഞങ്ങള്‍ എല്ലാവരും ഉള്ളില്‍ ചിരിച്ചു കാരണം യഥാര്‍ത്ഥ ഇന്റെഗ്രേഷന്‍ അവര്‍ കണ്ടില്ലല്ലോ.....


വിട,
നിഖില്‍